Sunday, February 1, 2009

കൂട്ടുകാരാ.. ഈ തെരുവിലെ ചോരയില്‍ മതമെവിടെ ?

മഹിതമായ ഒരു ദര്‍ശമാണിസ്ലാം..
ഒരു പാട് തെറ്റിദ്ധരിക്കപ്പെട്ടൊരു മൂല്യവിചാരം.

കല്ലെറിയുവാന്‍ കാരണങ്ങള്‍ പലതുമാകാം.
വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമപ്പുറത്ത്, ഏതു ദര്‍ശനത്തിനും ഒരകപ്പൊരുള്‍ കാണും..
ആറ്റിക്കുറുക്കിയാല്‍,ഒന്നേ ഇസ്ലാം മനുഷ്യകുലത്തോട് പറഞ്ഞുള്ളൂ...
ദൈവം ഏകനാണെന്ന്..
അവനെ മാത്രം ആരാധിക്കണമെന്ന്.
ശക്തി വിശേഷം ഒന്നേയുള്ളൂ എന്ന്.
ഈ പൂവും പൂമ്പാറ്റയും പുഴയുമൊക്കെ ഒരേ ശക്തിയുടെ വിവിധ ആവിഷ്കാരങ്ങളാണെന്ന്.. ഒരു രാവും അവനറിയാതെ പുലരില്ലെന്ന്.
ഒരു ശക്തിക്കുമീ ലോകത്തൊരു മേധാവിത്തവുമില്ലെന്ന്.


ലളിതമായൊരാശയം. അതിരുകളിട്ട് മനുഷ്യനെ വേര്‍തിരിച്ചവര്‍ക്ക്, അടിമകളാക്കി ചൂഷണം ചെയ്തവര്‍ക്കീ ആശയം ചങ്കില്‍ കൊണ്ടു.

കൊട്ടാരവും പുരോഹിതനും കുബേരനും സത്യത്തിനു നേരെ ഒന്നിച്ചു കയര്‍ത്തു. പ്രവാചകന്മാര്‍ ദാരുണ മര്‍ദ്ദനങ്ങള്‍ നേരിട്ടു. 'ദൈവങ്ങള്‍' കുപിതരായി പോരിനു വന്നു. കംസന്മാരോടും രാവണന്മാരോടും അറേബ്യയിലെ രാമന്‍ സത്യത്തിനു വേണ്ടി പൊരുതി നിന്നു. സ്നേഹം കൊണ്ടും രക്തം കൊണ്ടും.


സംസ്ക്ര്യത ചിത്തരായ അനുയായിവ്ര്യന്ദം പുതിയ ആകാശങ്ങളിലേക്ക് പടര്‍ന്നു. പ്രതിഷ്ഠകളേതുമില്ലാത്ത 'തുറന്ന' ആരാധനാലയങ്ങളില്‍ നിന്ന് ദൈവത്തിനു മുന്നില്‍ എല്ലാവരും സമന്മാരെന്ന് സുജൂദുകള്‍ (സാഷ്ടാംഗ പ്രണാമങ്ങള്‍) ഉറക്കെ വിളിച്ചു പറഞ്ഞു.


പണം കൊടുത്തു വാങ്ങിയ സ്ഥലത്ത് നിന്ന് പിന്നീടൊരിക്കലൊരു സ്വര്‍ണ്ണ നിധി കിട്ടിയപ്പോള്‍ എനിക്കിതിലൊരവകാശവുംമില്ലെന്നും നീ തന്നെയെടുക്കണമിതെന്നും പറഞ്ഞ് അപരനോട് തര്‍ക്കിച്ച സ്വയം പ്രചോദിത ധാര്‍മ്മികത പിറന്നു. പ്രവാചകരെ, എന്നോട് വ്യഭിചരിച്ചു പോയി.എനിക്ക് ചാട്ടവാറടി വിധിക്കൂ എന്നു ഭോഗത്ര്യഷ്ണകള്‍ ശിക്ഷകള്‍ക്ക് വേണ്ടി സ്വയം മുന്നോട്ട് വന്നു യാചിച്ചു. ഉമറിന്റെ, ഗാന്ധിയുടെ രാമരാജ്യം സാമ്രാജ്യങ്ങളായി വളര്‍ന്നു വികസിച്ചു. ചോര ചിന്താതെയും ചിലപ്പോള്‍ തിന്മയുടെ കൗരവപ്പടയോട് ഗാണ്ഡീവമുയര്‍ത്തിയും.. ഇബ്നുസീനയും ഇബ്നുഖല്‍ദൂനുമൊന്നുമായിരുന്നില്ല, മനുഷ്യനെ ദൈവിക ദര്‍ശനം കൂടുതല്‍ നല്ല മനുഷ്യനാക്കിത്തീര്‍ത്തുവെന്ന മഹിമയായിരുന്നു ഇസ്ലാമിക നാഗരികതകളെ ദിഗന്തങ്ങളിലേക്ക്‍ കടത്തിയത്.പ്രവാചക ശിക്ഷണം സംസ്കരിച്ചെടുത്ത അര്‍പ്പിതമനസും, വേദഗ്രന്ഥത്തിന്റെ പിന്‍ബലവുമായി ശാശ്വതസത്യത്തിന്റെ കൊടിയടയാളങ്ങള്‍ മനോഹരമാക്കിത്തീര്‍ത്ത സന്ദേശ വാഹക സംഘങ്ങള്‍ ദൂരദേശങ്ങളിലേക്ക് യാത്രയായി.

സത്യത്തിന്റെ ഗരിമയെ വഹിച്ച ഒട്ടകങ്ങളും കുതിരകളും മരുഭൂമിയില്‍ നിന്നു മനസുകളിലേക്ക് നേരിട്ട് പ്രയാണമായി. കൊടുങ്ങല്ലൂരിലും വന്നണഞ്ഞു അവധൂതന്മാരുടെ ഒരു പായക്കപ്പല്‍. അറബിക്കാറ്റേറ്റ് വന്ന 'മഹാപിള്ള'മാര്‍ക്ക് ഭാരതീയ പാരമ്പര്യം പള്ളികള്‍ പണിതു കൊടുത്ത് മനസുകളിലേക്ക് സൗഹ്ര്യദത്തിന്റെ പാലം കെട്ടി.. ജാതിയുടെ അറകളില്‍ മനുഷ്യനെ കെട്ടിയിടാത്ത സമത്വത്തിന്റെ ദര്‍ശനം ആയിരങ്ങള്‍ ദ്രുതവേഗത്തില്‍ നെഞ്ചോട് ചേര്‍ത്തു. ഇളനീര്‍ക്കുല വെട്ടി നല്‍കി മാലിക് ദീനാറിനെയും കൂട്ടരെയും സ്വീകരിച്ച അപ്പുമാര്‍ പിന്‍ തലമുറകളില്‍ മുഹമ്മദുമാരായി പെയ്തു.

ഏകതയുടെ കൊടിക്കൂറയില്‍ നിലാവെളിച്ചം കണ്ട്ത്തിയ ചേരമാന്‍ പെരുമാള്‍ ഏകനായ ദൈവത്തിന്റെ 'ദൈവാംശ'മില്ലാത്ത പ്രവാചകനെ കാണാന്‍ അറേബ്യ തേടിപ്പോയി.എന്നെ ആരാധിക്കരുതേ എന്നു കേണ ഒരു പ്രവാചകനെ ചരിത്രം മനുഷ്യനെ മനുഷ്യനായിക്കണ്ട ഒരു മഹാമനീഷിയായി മാത്രം രേഖപ്പെടുത്തി.അല്ലെങ്കിലും താന്‍ ദൈവമാണെന്ന് ഏതു പ്രവാചകനാണു പറഞ്ഞിട്ടുള്ളത്? വിഗ്രഹങ്ങളെ എതിര്‍ത്തവര്‍ പോലും കാലാന്തരങ്ങളില്‍ സ്വയം പ്രതിമകളായിത്തീര്‍ന്ന വിധിവൈപരീത്യം ഒരു പുണ്യപുരുഷനും മനസാ വരിച്ചതായിരുന്നില്ല .. സ്നേഹിച്ച് സ്നേഹിച്ച് നല്ല മനുഷ്യരെയൊക്കെ കാലചക്രം ദൈവങ്ങളാക്കി ചില്ലിട്ട കൂട്ടീല്‍ വെച്ചു. പ്രാപഞ്ചിക പ്രതിഭാസങ്ങളൊക്കെയും ആദ്യം മനുഷ്യനെ സ്തബ്ധനാക്കി. അഗാധമായി സ്നേഹിക്കപ്പെട്ടവ പിന്നീട് അഭയമായി. മഴയും മിന്നല്പ്പിണരും മഞ്ഞ്മൊക്കെ പതിയെപ്പതിയെ ആരാധിക്കപ്പെട്ടു. സൂര്യനു ലോകത്തിനു വെളിച്ചം പകരാനും പിന്നെ തനിക്ക് നേരെ നീട്ടുന്ന കൈകള്‍ക്ക് മുന്നില്‍ നിസ്സഹായനാകാനും നിയോഗമുണ്ടായി.

അറേബ്യയില്‍ ഗോത്രങ്ങള്‍ സ്വന്തമാക്കി വെച്ച കുലദൈവങ്ങള്‍ക്ക് വേണ്ടി വ്യാജ പൗരോഹിത്യംഈശ്വരനൊന്നെന്ന മഹാസത്യത്തോട് നിരന്തരം പോരിനു വന്നു. ചരിത്രത്തിന്റെ ഒരു കൈവഴിയിലും പ്രവാചകന്റെ പ്രതിമകള്‍ രൂപമെടുത്തില്ല. 'കാരുണ്യവാനാം നബി മുത്തുരത്നമോ' എന്ന് വള്ളത്തോളിനെക്കൊണ്ട് പാടിച്ച അവധൂതന്‍ ചൂണ്ടിക്കാണിച്ച പരബ്രഹ്ത്തിന്റെ ചിത്രങ്ങള്‍ ഒരിക്കലും വരക്കപ്പെട്ടില്ല. സ്വയം വിഗ്രഹമായിത്തീരുമോ എന്നു ഭയന്ന്, രേഖാ ചിത്രങ്ങളുടെ പോലും പഴുതടച്ച് , ദേവാലയങ്ങള്‍ മലര്‍ക്കെ തുറന്നിട്ട്, ഞാന്‍ ഒരു മനുഷ്യന്‍ മാത്രം നിങ്ങളെപ്പോലെ എന്ന് മൊഴിഞ്ഞ പ്രവാചകന്‍ പിന്നീട് ചരിത്രമായി. നീതി പുലരുന്ന ഒരു പരലോകം സ്വപ്നം കണ്ട് പരശ്ശതങ്ങള്‍ തലമുറകളായി പലയിടങ്ങളില്‍ നന്മയുടെ പൂക്കാലങ്ങള്‍ പണിതു.

പലിശയും മദ്യപാനവും വ്യഭിചാരവും കൊടും പാപങ്ങളായി വെറുത്ത സമര്‍പ്പിതമനസ്കര്‍ ഭൂമിയില്‍ തങ്ങളുടെ സ്വര്‍ഗം തീര്‍ത്ത് ദൈവത്തിന്റെ വാഗ്ദത്തസ്വര്‍ഗത്തിനു വേണ്ടി പണിയെടുത്തു.അബ്രഹാമും മോശയും യേശുവുമൊക്കെ ഉയര്‍ത്തിപ്പിടിച്ച സത്യം അറേബ്യയിലെ വെളിച്ചവും ഏറ്റു പറയുകയായിരുന്നു. ഈശ്വരന്‍ ഒന്നു മാത്രം. ലോകത്തിനൊരു നാഥന്‍ മാത്രം. അനീതി കാട്ടുന്നവരോട് നാട്ടിന്‍പുറത്തുകാരി അമ്മ പറയും. 'മുകളിലൊരാളുണ്ടെന്നോര്‍മ്മ വേണം'. അതേ..ഒരാളുണ്ട്. ഒരു ശക്തിയുണ്ട്. ഒരുണ്മയുണ്ട്. അവന്‍ തന്നെയാണു സൂര്യനു വെളിച്ചം നല്‍കിയത്. നിലാവും നിഴലും നിശ്വാസവും നല്‍കിയത്. മറ്റാരുമില്ലിവിടെ മനുഷ്യനൊരഭയകേന്ദ്രം. ഒരു പ്രവാചകനും ദിവ്യപുരുഷനും ഇതു പറയാതിരുന്നിട്ടില്ല. പരബ്രഹ്മത്തെ മാത്രം വാഴ്ത്തൂ നിങ്ങളെന്ന് ജനതകളോടവര്‍ പ്രബോധനം ചെയ്യാതിരുന്നിട്ടില്ല .

അല്ലെങ്കിലും വണങ്ങപ്പെടാനര്‍ഹന്‍ പര ബ്രഹ്മമല്ലാതെ മറ്റാരാണീ ഭൂമിയില്‍? കരുണയായി, ദയയായി, സഹാനുഭൂതിയായി, ആശ്വാസത്തെളിനീരായി ഒരേയൊരീശ്വരന്‍ മാത്രമേ നമുക്കുള്ളൂ. സങ്കടക്കടല്‍ അവന്റെ മുമ്പില്‍ തുറന്നുവെക്കാം. പരാതികളും പരിഭവങ്ങളും പറയാം. ആര്‍ക്കും മനസു തുറക്കാം. എല്ലാം കാണുന്നവന്‍. എല്ലാം കേള്‍ക്കുന്നവന്‍. കണ്ണിന്റെ ഘടന വരച്ചതാരവനല്ലാതെ? വിരലുകളില്‍ മുദ്രകള്‍ ചേര്‍ത്തത്? മുഖങ്ങളില്‍ കവിത വരച്ചത് ? ഞരമ്പുകളില്‍ രക്തം നിറച്ചത്? ആകാശത്ത് മേഘങ്ങളെ മേയാന്‍ വിട്ടത്? സൂര്യനെ ജ്വലിപ്പിച്ചതും ചന്ദ്രനെ നിലാവില്‍ കുളിപ്പിച്ചതും അവന്‍ തന്നെ.

സ്വയം ഭൂവായൊരു ലോകം ഇത്ര ആസൂത്രിതമായി , ഇത്ര മനോഹരമായി ആവിഷ്കരിക്കപ്പെട്ടുവെന്ന് ഏതു യുക്തിയാണു സമ്മതിച്ചു തരിക? രൂപമറിയാത്ത, എവിടെയെന്നറിയാത്ത ഒരു മഹാശക്തി ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. ഓരോ അണുവിലും അവന്റെ തീരുമാനങ്ങള്‍ മാത്രം നടപ്പിലാകുന്നു. അനിശ്ചിതത്വത്തിന്റെ ആകെത്തുകയായ മനുഷ്യജന്മങ്ങള്‍ക്ക് ഈ പരാശക്തിയല്ലാതെ മറ്റാരാണു തുണ? നിസ്സഹായതയുടെ അടുപ്പില്‍ വേവുമ്പോള്‍ മറ്റാരാണൊരു കൂട്ട്? സമ്മതം ചോദിക്കാതെ ജനനം. സമ്മതമെടുക്കാതെ മരണം. ജനന മരണങ്ങള്‍ക്കിടയില്‍ മനുഷ്യനൊരു ദൗത്യമുണ്ടോ? ഒരു ജീവിത ലക്ഷ്യമുണ്ടോ? കേവലം ഒരു ഇലയായിക്കൊഴിയാന്‍, ഒരു പൂവായി വിടര്‍ന്നടര്‍‍ന്നു പോകാന്‍ മാത്രമോ ധിഷണയുള്ള മനുഷ്യജന്മം? എങ്കില്‍ ഒരുറുമ്പായി പിറക്കുന്നതും മനുഷ്യനായി ജീവിക്കുന്നതും തമ്മിലെന്തന്തരം? ആരാണീ അല്‍ഭുത പ്രപഞ്ചത്തിന്റെ മഹാശില്പ്പി? ഉത്തരമില്ലാതെ ഉഴറിയിരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായി സര്‍ വ്വേശ്വരന്റെ സാനിധ്യം .

മഞ്ഞിലും മഴവില്ലിലും അവന്റെ സ്യഷ്ടി പരതയുടെ മികവ് പ്രകടം.കാലാതിവര്‍ത്തിയായ അവന്റെ സന്ദേശത്തിനു കീഴ്പ്പെടാന്‍ , സമര്‍പ്പിക്കാന്‍ (ഇസ്ലാം) മുന്നോട്ട് വന്നവരൊക്കെ സമര്‍പ്പിതരായി(മുസ്ലിം) മാറി.ജന്മം കൊണ്ടും കുലം കൊണ്ടുമല്ല. ഭാഷ കൊണ്ടൂം വേഷം കൊണ്ടൂമല്ല. ദൈവത്തെ സത്യപ്പെടുത്തുന്ന ഒരേയൊരു വിശുദ്ധവാക്യം കൊണ്ട്. കാലാന്തരങ്ങളില്‍ പൂര്‍വ്വ വേദങ്ങളൊക്കെയും സാക്ഷ്യപ്പെടുത്തിയ സത്യത്തിന്റെ ഗരിമ അറേബ്യ മുതല്‍ സ്പെയിന്‍ വരെ അതിരുകള്‍ ഭേദിച്ച് പടര്‍ന്നു. പള്ളികളില്‍ നിന്ന് കാലങ്ങളായി ദൈവിക സത്യം നൂറായിരം ശ്രവണപുടങ്ങള്‍ ഏറ്റു വാങ്ങി.എനിക്കും നിനക്കും നമുക്കും ഈശ്വരന്‍ ഒന്നേയുള്ളൂ എന്നവര്‍ സ്വയം പറഞ്ഞു. നമ്മുടെ തെരുവുകളില്‍, ഗ്രാമ ഗ്രാമന്തരങ്ങളില്‍ ഓരോ മലയാളിയും മിനാരങ്ങളില്‍ നിന്നു കേട്ടു കൊണ്ടിരിക്കുന്ന ശബ്ദവും ഇതു തന്നെയല്ലേ?. ലാ ഇലാഹ ഇല്ലള്ളാഹ്. (ഏകനായ ഈശ്വരനല്ലാതെ മറ്റാരാരാധ്യരില്ല) ഉപനിഷത്തും വേദവുമൊക്കെ പറഞ്ഞത് ഇതേ സ്വരം തന്നെയല്ലേ?

കേരളം പോലുള്ള അറബിതര നാടുകളില്‍ ഈ സത്യ സാക്ഷ്യം വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോയതായിരുന്നു ദൗര്‍ഭാഗ്യകരം. ഭാഷയുയര്‍ത്തുന്ന ദുര്‍ഗ്രഹതയില്‍ ബാങ്കൊലി പോലും ദുരൂഹമായി. അറബ് നാട്ടില്‍ ഒരിക്കലും ഇതു സംഭവിച്ചില്ല. അമേരിക്കയിലും മലയാളക്കരയിലും ഈ ദുര്‍ഗ്രഹത സംഭവിച്ചിരിക്കാം.

കേട്ടാല്‍ മനസ്സിലാകാത്ത ഭാഷയില്‍ ബാങ്കൊലിയുയര്‍ന്നപ്പോള്‍ പലര്‍ക്കും സ്വാഭാവികമായും തോന്നി.. മുസ്ലിങ്ങള്‍ക്കും ഒരു ദൈവമുണ്ട്..ബാങ്കില്‍ വിളിച്ചു പറയുന്ന അള്ളാഹുവാണവരുടെ ദൈവം! രാമനെപ്പോലെ, യേശുവിനെപ്പോലെ...മുസ്ലിങ്ങള്‍ക്ക് അവരുടെ ഒരു 'കുലദൈവം' !ഭാഷ സ്ര്യഷ്ടിച്ച പരിമിതികള്‍ക്കപ്പുറത്ത് വേദങ്ങളുടെ അതേ ഭാഷയില്‍ ജഗത്തിനെ നിയന്ത്രിക്കുന്ന ജഗദീശ്വരനെ അള്ളാഹുവായി വേണ്ടത്ര വായിക്കപ്പെട്ടില്ല. ഭാഷാന്തരം ചെയ്യപ്പെട്ട വേദഗ്രന്ഥം ഒട്ടുമിക്കവര്‍ക്കും പ്രാപ്യമായതുമില്ല. അങ്ങിനെ, ലളിതമായ, ഗാംഭീര്യം തുടിക്കുന്ന ഒരാശയം ചിപ്പിക്കുള്ളില്‍ അനുവാചകരെ കാത്തു കിടന്നു. മുത്തുകളായി അത് പള്ളി മിനാരങ്ങളില്‍ ദിനേന പൊട്ടിച്ചിതറി. എന്നിട്ടൂം ചില ശ്രവണപുടങ്ങളിലെങ്കിലും അലോസരമായോ ദൈവിക ക്ഷണത്തിന്റെ ഭാഷാപരിമിതികള്‍? മനസുകളിലേക്ക് കടന്നിരിക്കാന്‍ അവസരം കിട്ടാതെ, മനസ്സിലാക്കപ്പെടാതെ .. വെളിച്ചം തടഞ്ഞുവെക്കപ്പെട്ടത് പോലെ!

ഒന്നോര്‍ത്താല്‍, ഉള്‍ക്കൊണ്ടാല്‍ ആര്‍ക്കാണു നിഷേധിക്കാന്‍ കഴിയുക ഈ ആശയമഹിമ? ആര്‍ക്കും എതിരല്ലാത്ത സുതാര്യസങ്കല്പ്പം.സങ്കുചിതത്വമേതുമില്ലാത്ത , വളച്ചുകെട്ടില്ലാത്ത ഏകത്വത്തിന്റെ കലര്‍പ്പില്ലാത്ത പ്രഖ്യാപനം. ലാ ഇലാഹ ഇല്ലള്ളാഹ്.. ഈശ്വരനല്ലാതെ മറ്റാരാധ്യനില്ല. അള്ളാഹ്..രണ്ടൂ വാക്കുകള്‍ ലോപിച്ചതാണീശ്വരനെക്കുറിക്കുന്ന ഈ അറബി ഭാഷാപദം. (1)അല്‍ + (2)ഇലാഹ് = അള്ളാഹു. അല്‍ എന്നാല്‍ അറബിഭാഷയില്‍ ഇംഗ്ലീഷില്‍ 'The' എന്നൊക്കെ പറയുമ്പോലെ.. ഇലാഹ് എന്ന വാക്കിന്റെ ലളിതഭാഷാന്തരം നാഥന്‍ ..ഈശ്വരന്‍ . അറബിയിലെ അള്ളാഹു എന്നാല്‍ മലയാളത്തിലെ 'നാഥന്‍'. സര്‍വ്വേശ്വരന്‍. മനസ്സിലാക്കപ്പെട്ടത് പോലെ മുസ്ലിമീങ്ങളുടെ കുത്തകയൊന്നുമല്ല, കുലദൈവമൊന്നുമല്ല അള്ളാഹു (ഈശ്വരന്‍). പച്ച മലയാളത്തില്‍ ഭാഷാന്തരം ചെയ്താല്‍ എല്ലാവര്‍ക്കും സ്വന്തമല്ലേ ജഗന്നിയന്താവ്? ജഗദീശ്വരന്‍. അവന്‍ സമ്മാനിച്ച ഒരു ജീവിത പദ്ധതി. ജീവിത വീക്ഷണം, ഇസ്ലാം.ആര്‍ക്കുമിഷ്ടക്കേട് തോന്നേണ്ടതില്ലാത്ത സാര്‍വലൗകികതയുള്ള , സാഹോദര്യത്തിന്റെ ഹ്യദയവിശുദ്ധിയുള്ള ഒരു ദര്‍ശനം.. സത്യത്തില്‍ വേദങ്ങളെല്ലാം പറഞ്ഞ ഈശ്വരന്‍ അങ്ങിനെ ഒരു വിഭാഗത്തിന്റെ മാത്രം 'സ്വന്ത'മാകുന്നതെങ്ങിനെ? ഉപനിഷത്തുക്കള്‍ പറഞ്ഞില്ലേ? ജന്മാദ്യസ്യ യത:" (ജന്മാദികള്‍ എന്തില്‍ നിന്ന്;അത് തന്നെ ബ്രഹ്മം).

അഥ ര്‍ വ്വവേദവും അര്‍ത്ഥശങ്കയേതുമില്ലാതെ പറഞ്ഞുവെച്ചു... "മിദം നികതം സഹസേ ഏശഏക ഏകവ്രതേക ഏവ യഏതം ദേവമേക വ്ര്യതം വേദ: സര്‍ വ്വേ അസ്മിന്‍ ദേവ ഏകവ്യതോ ഭവന്തി യ ഏതം ദേവമേകവ്ര്യതം വേദ" (അഥര്‍വ്വവേദം 13-6-20,21). (ഏകനായ അവന്‍ ഏകനായിതന്നെ എന്നെന്നും നിലനില്‍ക്കുന്നവനാണെന്നു വിശ്വസിക്കുക.രണ്ടാമതൊരു ദൈവം ഇല്ല തന്നെ" ‌) ഈശ്വരന്‍ ഏകം മാത്രമെന്ന് വേദങ്ങള്‍ ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു. "ഏതം ദേവമേക വ്ര്യതം വേദ: നദ്വിതി യോ നത്ര്യതിയശ്ചതുര്‍ത്ഥോ നാപ്യുശ്ചതേ യ ഏതം ദേവമേക വ്ര്യതം വേദ: ന പഞ്ചമോ ന സഷ്ഠഹം സപ്തമോ നാ പ്യുച്യതേ യ ഏതം ദേവമേക വ്ര്യതം വേദ: ന ഷ്ഠമോ നനവമോ ദശമോ നപ്യുച്യതേ യ ഏതം ദേവമേ ക വ്ര്യതം വേദ: സ സര്‍ വ്വസ്മൈ വി പശ്ചതിയശ്ച പ്രണാതിയശ്ചനേ യ ഏതം ദേവമേക വ്ര്യതം വേദ: തമിദം നിഗതം സഹ: സ ഏഷ ഏക ഏകവദേക ഏവ യ ഏതം ദേവമേ ക വ്ര്യതം വേദ :"( അഥര്‍വ്വവേദം 13:5:14-21) (ഈ ദൈവത്തെ ഏകനായി അറിയുന്നവന്‍ സത്യം മനസ്സിലാക്കിയിരിക്കുന്നു. അവന്‍ രണ്ടെന്നോ മൂന്നെന്നോ നാലെന്നോ അഞ്ചെന്നോ ആറെന്നോ ഏഴെന്നോ എട്ടെന്നോ ഒമ്പതെന്നോ പത്തെന്നോ വിളിക്കപ്പെടുന്നില്ല. ശ്വസിക്കുന്നതും ശ്വസിക്കാത്തതുമായ സകലതിനെയും അവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഉന്നതമായ ശക്തികളുള്‍ക്കൊള്ളുന്ന അവന്‍ ഏകനാണു. ഏകന്‍ മാത്രമാണു. എല്ലാ വിധ ദൈവിക ശക്തികളും അവനില്‍ കേന്ദ്രീകരിച്ചു കൊണ്ട് ഐക്യപ്പെട്ടിരിക്കുന്നു. ).

അഥര്‍വ്വവേദം പറഞ്ഞതിലുപരിയായി യജുര്‍വേദവും സാമവേദവുമൊക്കെ ഈശ്വരന്റെ ഏകതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്... പള്ളിയില്‍ നിന്നുള്ള ബാങ്കൊലിയും അഞ്ചു നേരവും ഇത് നേരം തന്നെയല്ലേ പറയുന്നത്?
വേദവും ദര്‍ശനവും സമൂഹത്തിനു സമ്മാനിച്ചത് നന്മയുടെ അങ്ങേയറ്റമായിരുന്നു. തിന്മക്കെതിരെ മതദര്‍ശനം പഴുതുകളടച്ച ജാഗ്രതയാണുയര്‍ത്തിപ്പിടിച്ചത്..നന്മയില്‍ അടിയുറച്ചു നില്‍ക്കാന്‍ സ്വര്‍ഗ്ഗലോകം പോലും വാഗ്ദാനം നല്‍കപ്പെട്ടു.

ഒന്നുമൊഴിച്ചു നിര്‍ത്തിയില്ല വേദം. ഒരു കാര്യവും പറയാതെ വിട്ടില്ല പ്രവാചകന്‍. ആരെയും വെറുത്തില്ല. പകയും അസൂയയും ദേഷ്യവുമില്ലാത്ത ഒരു ജീവിതക്രമം സ്വജീവിതം കൊണ്ട് വരച്ചു വെച്ച മാത്ര്യകാ പുരുഷന്‍. അദ്ദേഹം ഒരു തിന്മക്കും നേരെ കണ്ണടച്ചില്ല. ഒരനീതിക്കും ചൂട്ടുപിടിച്ചില്ല. പ്രവാചകന്‍ പകര്‍ന്നു നല്‍കിയ ദിശാബോധത്തിലാണിസ്ലാമിക നാഗരികത പിറന്നതും പന്തലിച്ചതും. വിവേചനങ്ങളില്‍ നിന്ന്, അസ്പ്ര്യശ്യതയുടെ ചങ്ങലക്കെട്ടുകളില്‍ നിന്ന് പരശ്ശതം ജനതതികളെ ഏകതാബോധത്തിലേക്കുണര്‍ത്തിയ ശബ്ദമായി ലാ ഇലാഹ ഇല്ലള്ളാഹ് ഇസ്ലാമിക സാമ്രാജ്യത്തിന്റെ ആദര്‍ശാടിത്തറയായി. ആരും താഴ്ന്നവരല്ലെന്ന്..ആരും ഉയര്‍ന്നവരല്ലെന്ന് രാജകൊട്ടാരങ്ങളില്പ്പോലും ഉറച്ചുപറഞ്ഞ ആദര്‍ശം കാലപ്രവാഹത്തില്‍ മനുഷ്യനെന്നും കരുത്തായി.

എല്ലാവരും ദൈവത്തിന്റെ അടിമകളെന്ന് ഉച്ചൈസ്തരം ഘോഷിച്ച വഴിവെളിച്ചമുണര്‍ത്തിയ അലയൊലികള്‍ നൂറ്റാണ്ടുകളിലേക്ക് നീണ്ടു. നമുക്കിടയില്‍ ഉച്ച നീചത്വങ്ങളില്ലെന്ന് മനുഷ്യന്‍ മനുഷ്യനോട് സ്വകാര്യം പറഞ്ഞ രാപ്പകലുകള്‍..മുത്തു പോലൊരു പ്രവാചകന്‍ അറേബ്യയില്‍ വന്നിറങ്ങിയപ്പോള്‍ മുല്ലപ്പൂവിന്റെ ധവളിമയോടെയായിരുന്നു ജീവിതം.ഒരു കള്ളം പോലും പറഞ്ഞില്ല. എല്ലാവരെയും സ്നേഹിച്ചും സ്നേഹിക്കാന്‍ പഠിപ്പിച്ചും ദൈവകാരുണ്യത്തിന്റെ നിദര്‍ശന്മായി ഒരു ജീവിതം. ദിവസവും തന്റെ പാതയില്‍ കാരമുള്ളുകള്‍ വിതറുന്ന പെണ്‍കുട്ടിയെ ഒരു ദിനം കാണാഞ്ഞ് അവളെത്തേടിപ്പോയ അനിതരസാധാരണത്വം. പകല്‍ തെരുവുകളില്‍ ഇതാ ഇങ്ങിനെ എന്നു പറഞ്ഞ് ജനങ്ങള്‍ക്കൊപ്പം. രാവില്‍ നാഥനു മുമ്പില്‍ വീണും കേണും. സന്യാസത്തിനും അതിഭൗതികതക്കും ഇടയില്‍ മധ്യ നില പ്രാപിക്കുന്ന മണ്ണിനോടൊട്ടി നില്‍ക്കുന്ന ആത്മീയതയെ പരിചയപ്പെടുത്തിയത് ഈ പ്രവാചകന്‍.

പര്‍ണശാലകളില്‍ അടയിരിക്കല ല്ല മനുഷ്യനന്മക്കായി പണിയെടുക്കലാണു ദൈവാരാധനയെന്ന്‍ സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയപ്പോള്‍ പരദൂഷണം പോലും കൊടും തിന്മയായി. 'സകാത്ത്' (നിര്‍ബന്ധിത ദാനധര്‍മ്മം) കൊടുക്കാത്തവര്‍ ദൈവത്തെ എത്ര തവണ പൂജിച്ചാലും കാര്യമില്ലെന്നായി. സാമൂഹിക പ്രതിബദ്ധതയും കാരുണ്യവും ഇഴചേര്‍ന്നു നില്‍ക്കുന്ന വിശ്വാസസംഹിത... ഗോത്രകലഹങ്ങളില്‍ വ്യഥാ ചോര ചിന്തിയിരുന്ന ഖഡ്ഗങ്ങള്‍ അനീതിയെ മുഖാമുഖം കണ്ട 'മഹാഭാരതങ്ങളില്‍' പോലും കരുതലോടെ മാത്രം ജാഗ്രത്തായി. ശത്രു പ്രതിനിധീകരിക്കുന്ന തിന്മക്കെതിരെ മാത്രമായിരുന്നു യുദ്ധങ്ങള്‍... പ്രതിരോധത്തിനു വേണ്ടിയല്ലാതെ ഒരു യുദ്ധം പോലും നയിക്കാത്ത പ്രവാചകന്‍ സന്ധി സംഭാഷണങ്ങളുമായി ശാന്തിയില്‍ അഭിരമിച്ചും അങ്ങേയറ്റത്തെ വിട്ടുവീഴ്ച ചെയ്തുമാണു ജീവിച്ചത്.

ജനിച്ച വംശത്തിനും ദേശത്തിനും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠതയില്ലെന്ന് നബി തറപ്പിച്ചു പറഞ്ഞു . കറൂത്തവനു വെളുത്തവനേക്കാള്‍ ദൈവഭക്തിയുടെ ബലത്തില്‍ മാഹാത്മ്യമുണ്ടാകാമെന്ന് മൊഴിഞ്ഞു .കറുത്ത ബിലാലും വെളുത്ത അസ് വദും ഒരു ലയമായി.. ദൈവത്തിന്റെ മാത്രം ദാസന്മാരായി..പൗരോഹിത്യത്തിനും പ്രാമാണിത്തത്തിനും മുന്നില്‍ കുനിഞ്ഞും മുട്ടിലിഴഞ്ഞും ജീവിക്കേണ്ടി വന്നവര്‍ ദൈവദാസ്യത്തിനു മുമ്പില്‍ നിര്‍ഭയരായി . സദാ ദൈവത്തിനു മുന്നിലെന്ന ബോധം കൊണ്ട് സ്വയം ഉണര്‍ന്നു ജാഗ്രത്തായിത്തീരുന്ന ധാര്‍മ്മിക ബോധത്തിന്റെ പിന്‍ബലം അവര്‍ക്ക് എന്നും ശക്തിയായിരുന്നു..ഈശ്വരന്റെ മുമ്പിലല്ലാതെ തലകുനിക്കില്ലെന്ന് ഉറച്ച സ്വരത്തില്‍ പറഞ്ഞ സത്യവാക്യം അവര്‍ക്കു കരുത്തായിരുന്നു. എല്ലാമറിയുന്ന ഭക്തവല്‍സലനായ ദൈവത്തിന്റെ മുമ്പില്‍ വിനയാന്വിതരായപ്പോള്‍ മനുഷ്യമക്കള്‍ക്കെല്ലാം ഒരേ നിറമായി.കറുപ്പും വെളുപ്പും സാഹോദര്യത്തില്‍ അലിഞ്ഞില്ലാതായി.

സമ്പന്നനും പ്രമാണിയും ദൈവഭക്തിയില്ലെങ്കില്‍ കേവലം ത്ര്യണമാണെന്നു പഠിപ്പിച്ച ദര്‍ശനം ആര്‍ത്തിയുടെയും വാരിപ്പിടിക്കലിന്റെയും ഭൗതികമോഹങ്ങള്‍ക്ക് തടയിട്ടൂ. പ്രവാചകന്റെ ജീവിതം അങ്ങേയറ്റം ലളിതമായിരുന്നു. ഒരു സാമ്രാജ്യത്തിന്റെ അധികാരം തന്നെ കയ്യിലുണ്ടായിരുന്നിട്ടും ധാരാളിത്തത്തെ വെറുക്കുകയും വെറുക്കാന്‍ പഠിപ്പിക്കുകയും ചെയ്ത മഹാലാളിത്യമായിരുന്നു മദീനയിലെ അവധൂതന്‍.കാലം പിന്നിട്ടപ്പോള്‍ വംശീയതയുടെയും തീവ്രദേശീയതയുടെയും അടിവേരറുത്ത ഈ മഹിതവിപ്ലവം കൊടുങ്കാറ്റായി തലമുറകളെ പുല്‍കി. മദ്യത്തെ പതിനാറടി ദൂരത്തേക്ക് മാറ്റി നിര്‍ത്തി മനുഷ്യത്വത്തെ വീണ്ടെടുത്തു. ചൂഷണങ്ങളുടെ നേരെ നിര്‍ഭയത്വം കൊണ്ട് കയര്‍ത്തു. പലിശക്കെതിരെ നിര്‍ദ്ദയം യുദ്ധം ചെയ്തു. പെണ്ണിന്റെ മൂല്യമുയര്‍ത്തി അശ്ലീലതയുടെ പഴുതടച്ചു. മലീമസതകളോടെല്ലാം കാരുണ്യമില്ലാതെ പോരാടി. പാപിയിലെ മനുഷ്യനു നേരെ കണ്ണടക്കാതെ പാപത്തെ വെറൂത്തു.

കാരുണ്യത്തിന്റെ മഹാപ്രവാഹം വിശ്വാസിയുടെ ജീവിതത്തില്‍ ദയയുടെ നീര്‍ച്ചാലുകള്‍ വെട്ടി ദാനധര്‍മ്മങ്ങളായി നിറഞ്ഞു . പാലില്‍ വെള്ളം ചേര്‍ത്താല്‍ പോലും അത് മതവിരുദ്ധമാകുമെന്ന് പഠിപ്പിച്ച സമഗ്രദര്‍ശനം ജീവിതത്തിന്റെ സമഗ്രമേഖലകളെയും വാരിപ്പുണര്‍ന്നു. 'വിശ്വാസി'ക്ക് ഭൗതിക ലോകവും അതിലെ ആസക്തികളും പ്രലോഭനം പോലുമായില്ല. ആര്‍ത്തിയും ദുരയും അവനെ തീണ്ടിയില്ല.ഇസ്ലാം അതിന്റെ സമഗ്ര സ്വഭാവം കൊണ്ട് ഒരു പൂജാമതമല്ലെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. ഭരണക്രമം മുതല്‍ സാമ്പത്തികവ്യവസ്ഥ വരെ ദൈവിക നിയമങ്ങളുടെ അടിയാധാരങ്ങളില്‍ ഭദ്രമായിരുന്നു. ദേവാലയങ്ങളുടെ നാലതിരുകളില്‍ ആരാധനകളുടെ കേവലതയില്‍ ഒതുങ്ങിയ പരമ്പരാഗത മതസങ്കല്പ്പങ്ങളില്‍ നിന്ന്, തിന്മയെ നിര്‍ദ്ദയം നേരിടുന്ന ചൂരും ചൂടുമുള്ള പ്രത്യയശാസ്ത്രമായി, വിപ്ലവമായി ദൈവിക ദര്‍ശനം രൂപാന്തരം പ്രാപിച്ചു . തിന്മയോട് സമരം ചെയ്യുന്ന പെരുവിരലുകള്‍ക്ക് കരുത്ത് നല്‍കുന്ന ഈ ജീവിതദര്‍ശനം നന്മകള്‍ക്ക് പൂക്കാനും തളിര്‍ക്കാനും ആവോളം അവസരം നല്‍കി.

അധിനിവേശത്തിനു കല്ലെറിയുമ്പോഴും അസമത്വത്തിന്റെ വേരറൂക്കുമ്പോഴും പാവപ്പെട്ടവനും ദുര്‍ബലനും ആവേശമാകുകയാണു നന്മയുടെ നനവുള്ള ദര്‍ശനത്തിന്റെ നവജാഗരണം ഇന്നു ലോകമെങ്ങും.ജാഗരണശ്രമങ്ങള്‍ ശക്തിപ്പെടുമ്പോള്‍ സാമ്രാജ്യത്വത്തിനു വിറളി പിടിക്കുന്നു. അധിനിവേശത്തിനു നേരെ കല്ലെറിയുന്നവന്‍ ഭീകരവാദിയായി ചാപ്പകുത്തപ്പെടുന്നു. അബൂഗുറൈബിലും ഗ്വാണ്ടനാമോയിലും വിശ്വാസദാര്‍ഡ്യം പീഢകരോട് മുരളുന്നു. മനുഷ്യനെ മനുഷ്യനായിക്കാണുന്ന ദര്‍ശനം ചെങ്കോലു പിടിച്ചാല്‍ അടിയാളനില്ലാതായിപ്പോകുമെന്ന് ഭയന്ന്, പ്രതികരിക്കുന്ന പെരുവിരലുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത് അധിനിവേശം ബങ്കറുകളില്‍ മുന്നോട്ട്. ദാസ്യം മുട്ടിലിഴയിക്കുന്ന അരാഷ്ട്രീയരാഷ്ടീയത്തിന്റെ ചുമലിലേറിയ സാമ്രാജ്യത്വം ഭയക്കുന്നതാരെ? ഭയം വിദ്വേഷമായി രൂപപ്പെടുമ്പോള്‍ തിന്മയുടെ അച്ചുതണ്ടു വരക്കുകയാണു ലോക പോലീസുകാരന്‍.

ആസുരത അല്ലെങ്കിലും ഭയക്കാതിരിക്കുന്നതെങ്ങിനെ ? പാലില്‍ വെള്ളം ചേര്‍ക്കുന്നത് പോലും ചെറുക്കുന്ന നീതിമാന്മാര്‍ ഇനിയെങ്ങാനും പുനരവതരിച്ചാല്‍, കോള ഭീമന്‍ പാവപ്പെട്ടവനു കുടിക്കാന്‍ കൊടുക്കാതെ വെള്ളം കട്ടു കടത്തുന്നതെങ്ങിനെ? ഭക്ഷണപ്പൊതിയും ബോംബും ഒരേ സമയം വര്‍ഷിക്കുന്ന സാമ്രാജ്യത്വ പോര്‍ വിമാനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാത്ത ഒരു ബാഗ്ദാദും പാതിരാക്ക് പാവപ്പെട്ടവനെ കുടിയിറക്കി ചവിട്ടിപ്പുറത്താക്കാന്‍ മുതലാളിത്തത്തിനു ബൂട്ടിട്ട് കൊടുക്കാത്ത ഒരു ക്ലിഫ് ഹൗസും ഉണ്ടാകരുത്. അതിനു മുതലാളിത്തമൂല്യങ്ങള്‍ ജയിക്കണം. നഗ്നത ഫാഷനാകണം. സൗന്ദര്യവര്ദ്ധക വസ്തുക്കളുടെ മഹാവിപണി തുറന്ന് പെണ്ണിനെ പരസ്യബോര്‍ഡില്‍ വില്പ്പനക്ക് വെച്ച് മഹാരോഗത്തിനു പോലും പരവതാനി വിരിച്ച് ലൈംഗിക അരാജകത്വത്തിനു ചൂട്ടുപിടിക്കുകയാണു മുതലാളിത്തം.

ആയുധവിപണി കൊഴുപ്പിക്കാന്‍ യുദ്ധങ്ങള്‍. നൂറ്റാണ്ടൂകളുടെ നാഗരികതകളെപ്പോലും ബോംബ് വിതറിച്ചാമ്പലാക്കുന്നത് ഓപ്പറേഷന്‍ ഫ്രീഡം. എതിരിടൂന്ന ഒരാണ്‍കുട്ടിയുടെ രോദനം പോളും തീവ്രവാദത്തിന്റെ അലര്‍ച്ച. ഏത് തെമ്മാടിത്തത്തിനും യാങ്കിക്ക് കൂട്ടായി കൗരവപ്പട.നേടുവാനും നേട്ടം കൊയ്യുവാനുമുള്ള ഭോഗത്ര് ഷ്ണയെ തടകെട്ടി നിര്‍ത്തിയ ദൈവികവിചാരങ്ങളെ വിപണിയുടെ തമ്പുരാക്കന്മാര്‍ ഭയക്കാതിരിക്കുന്നതെങ്ങിനെ? അവര്‍ക്ക് വേണ്ടത് സാംസ്കാരിക ഇസ്ലാം. ആരാധനാലയങ്ങളില്‍ ഭജനയിരിക്കുന്ന ചൂണ്ടുവിരലില്ലാത്ത പാവം ഇസ്ലാം. പ്രവാചകന്മാരുടെ ഇസ്ലാമിലേക്ക് മടങ്ങാനുള്ള, മടക്കാനുള്ള ഏത് നീക്കത്തെയും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാന്‍ സാമ്രാജ്യത്വത്തിനു ചെല്ലപ്പേരുകള്‍ പലതാണിവിടെ. ഭീകരത.. ജിഹാദി..

ഏതു ചുണ്ടെലിയെയും ഗ്വാണ്ടനാമോയിലെത്തിക്കുന്ന, ഒരേ സമയം ലാദനെയും സദ്ദാമിനെയും ഊട്ടുകയും കൊല്ലാന്‍ കൊടുക്കുകയും ചെയ്യുന്ന സ്ര്യഗാല തന്ത്രം. അനീതി കാണിച്ചാല്‍ പ്രജയുടെ ചാട്ടവാറടിക്ക് വിധേയരാവുന്ന, പാതിരാവില്‍ കൂരകളില്‍ ഗദ്ഗദമുയരുന്നത് കേള്‍ക്കുവാന്‍ ഊരു ചുറ്റുന്ന ഖലീഫമാര്‍ ഇനിയൊരിക്കലും ഒരിടത്തും തിരിച്ചുവരരുതെന്ന് അവരാഗ്രഹിക്കുന്നു.മതം രാഷ്ട്റീയത്തില്‍ കയറിപ്പോകരുതെന്നും മതം പള്ളിമൂലയിലിരുന്നാല്‍ മതിയെന്നും ഗര്‍ജ്ജിക്കുന്നു.

കല്ലെറിയുന്ന കൈകള്‍ക്കിടയില്‍ നിന്നു പോലും സുമനസ്സുകളുടെ ഐക്യദാര്ഢ്യമേറ്റു വാങ്ങി ,മനുഷ്യനിര്‍മ്മിത പ്രത്യയശാസ്ത്രങ്ങളുടെ ശവപ്പറമ്പിലൂടെ ഇസ്ലാം മനുഷ്യനെയും മനുഷ്യപ്പറ്റിനെയും ആകര്‍ഷിച്ച് മുന്നോട്ട് നീങ്ങുകയാണിന്ന്. നന്മയുടെ നൂറു പൂക്കള്‍ വിരിയിച്ച ഒരു ദര്‍ശനം ഏതു ശത്രുവിനും സ്വാഗതമോതി..ആരെയും വെറൂക്കാന്‍ പഠിപ്പിക്കാതെ, ആരുമായും സ്നേഹസം വാദത്തിനൊരങ്ങുകയാണിന്ന്. നവലോകത്തെക്കുറിച്ചുള്ള പുത്തന്‍ പ്രതീക്ഷകളുമായി..കല്ലേറൂകളെ പുഷ്പഹര്‍ഷമാക്കി കാലങ്ങള്‍ കടന്നു വന്ന ഈ ദൈവികദര്‍ശനം വിചാരഹീനര്‍ സ്ര്യഷ്ടിക്കുന്ന സ്ഫോടനശബ്ദത്തില്‍ കുലുങ്ങുകയോ? ഏകദൈവദര്‍ശനത്തിന്റെ ധവളിമയില്‍ ചെളിവാരിയെറിയുന്ന അറബിപ്പേരുള്ള വിവേകശൂന്യര്‍ പ്രതിനിധീകരിക്കുന്നത് മതത്തെയാണോ?

മനുഷ്യനെ വിവേചനത്തിന്റെ ചേരികളില്‍ നിന്ന്, ജാതിയുടെ അറകളില്‍ നിന്ന് വീണ്ടെടുത്ത മാനവികമതത്തെയോ അവരുടെ മതചിഹ്നങ്ങള്‍ ചിന്തയിലേക്കുണര്‍ത്തുന്നത്? അതോ ചോര മണക്കുന്ന മതരഹിതകാടത്തത്തെയോ? രാഷ്ട്രീയ വിദ്വേഷത്തിന്റെയും അന്ധമായ സാമുദായിക പകപോക്കലിന്റെയും അതിര്‍ത്തികളിലെ വര്‍ഗ്ഗീയഭ്രാന്തിന്റെയും പേരില്‍ ബോംബ് കൊണ്ടും ജലാറ്റിന്‍ സ്റ്റീക്കുകള്‍ കൊണ്ടും തെരുവുകളില്‍ കണക്ക് ചോദിക്കുന്ന ചോരക്കൊതിയന്മാരുടെ കരാളകര്‍മ്മങ്ങളില്‍ ചിതറിച്ചോര തെറിക്കുന്ന നിരപരാധികളുടെ വിലപ്പെട്ട മനുഷ്യജീവന്‍.. അതിന്റെ പേരില്‍ പഴികേള്‍ക്കുന്നത് ഉറുമ്പുകളെപ്പോലും ചുട്ടുകരിക്കരുതെന്ന് പഠിപ്പിച്ച സ്നേഹസന്ദേശമായത് കാലത്തിന്റെ വൈപരീത്യമാകാം.ജന്മം കൊണ്ടൂം വംശം കൊണ്ടൂം ഇസ്ലാമാകില്ല എന്ന് സത്യവേദം സാക്ഷി. പ്രവാചകന്‍ സാക്ഷി. നിരപരാധിയായ ഒരാളെ കൊല്ലുന്നത് ഒരു സമൂഹത്തെ കൊല്ലുന്നത് പോലെയെന്ന് ഖുര്‍ ആന്‍.

വര്‍ഗ്ഗീയതയും പക്ഷപാതവും ഇത്തിരിയെങ്കിലും ഉള്ളിലെങ്കിലുമുള്ളവന്‍ മുസ്ലിം സമാജത്തിനു പുറത്തെന്ന് പ്രവാചകന്‍. ദൈവത്തിനു നിരക്കാത്ത പാപകര്‍മ്മം ചെയ്യുന്നത് നരകത്തീയിലേക്ക് വഴി വെട്ടിത്തുറക്കലാണെന്ന് മതം ആരെയും പഠിപ്പിക്കാഞ്ഞിട്ടല്ല. വര്‍ഗ്ഗീയതക്ക് എവിടെയെങ്കിലും മതമുണ്ടോ? അക്രമത്തിനു പ്രവാചകനുണ്ടോ? അന്ധമായ വിദ്വേഷവും പകയുമാണെവിടെയും ചോര ചിന്തുന്നത്. മനുഷ്യന്റെ ചോരക്കൊരു നിറമാണെന്നു മനസിലാക്കുന്നവനാണു വിശ്വാസി. എല്ലാ മതദര്‍ശനങ്ങളെയും അവന്‍ മാനിക്കുന്നു. വര്‍ഗീയതയുടെയും പ്രതികാരബുദ്ധിയുടെയും മാറാപ്പ് ആധുനിക മനുഷ്യനു ചേരും. മതത്തിനത് ചേരില്ല തന്നെ. തിന്മകളെ മതത്തോട് ചേര്‍ത്തു കെട്ടുന്നത് മതരഹിതരുടെയും മതവിരൂദ്ധരുടെയും അജണ്ട മാത്രം. അതിനു സത്യത്തിന്റെ പിന്‍ബലം ഒട്ടൂമില്ല.

അപചയം വന്നത് പ്രത്യയശാസ്ത്രങ്ങള്‍ക്കല്ലൊരിക്കലും. തിന്മയുടെ മാറാപ്പ് ഉള്ളില്‍ പേറി അതിനു മതത്തെ മറയാക്കുന്ന കെട്ട മനുഷ്യര്‍ക്കാണപചയം വന്നത്.എല്ലാ പ്രത്യയശാസ്ത്രത്തിന്റെ പിന്നണിയാളുകള്‍ക്കും ജീര്‍ണതയുടെ പുഴുക്കുത്തേറ്റിട്ടുണ്ട്. അതൊരു മതദര്‍ശനത്തിന്റെയും കുഴപ്പമല്ല. ബോംബ് പൊട്ടിച്ച് പ്രതിരോധിക്കാന്‍ മതമോ ദൈവമോ വേദമോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തിന്മയുടെ, ആസുരതയുടെ ശക്തികളോട് കയര്‍ക്കുന്നതിനാണു ജിഹാദ്(ധര്‍മ്മസമരം) എന്നു പേരു വിളിക്കുന്നത്. തെരുവില്‍ ബോംബ് പൊട്ടിച്ച് ആളുകളെ കൊല്ലുന്ന അല്പ്പത്തത്തിനാ പേരു ചേരില്ല.സ്വന്തം മണ്ണില്‍ പീരങ്കിക്കുഴലുമായി കടന്നു വന്ന യാങ്കി ഭീകരനു നേരെ മണ്‍കട്ടയെറീയുന്നത് ഭീകരവാദമാണെന്നു സമ്മതിച്ചു തരാന്‍ സാമ്രാജ്യത്വത്തിനു കപ്പം കൊടുക്കുന്നവരല്ല വിശ്വാസികള്‍. ധാര്‍മ്മികതയില്ലാത്ത മറ്റേത് ഭീകരപ്രവര്‍ത്തനത്തിനും മതം ഒരു മറ മാത്രമാണെന്നത് സത്യം. നക്സലുകള്‍ തലയറുക്കുന്നതിനു കമ്മ്യൂണിസത്തെ കുറ്റം പറയാമോ?ഭീകരതക്ക് മതമില്ല. ഭികരത പേറൂന്ന മതചിഹ്നധാരികള്‍ക്കാകുമോ ഈ മധുരമൂറുന്ന തെളിവെള്ളത്തെ വിഷലിപ്തമാക്കാന്‍ ?

കണ്ണുള്ളവര്‍ കാണട്ടെ.. ഹ്ര്യദയമുള്ളവര്‍ കേള്‍ക്കട്ടെ.. സ്നേഹത്തിന്റെ ഈ ദര്‍ശനം ആരെയും വെറുക്കുന്നില്ലെന്ന്.. കൊടും പാപിയെപ്പോലും. "നിങ്ങള്‍ മറ്റൂ ദൈവങ്ങളെ ചീത്ത പറയരുത്. നിങ്ങളെപ്പോലെ അവരും തിരിച്ച് ജഗദീശ്വരനെ കുറ്റം പറഞ്ഞാലോ ?" എന്ന് ഖുര്‍ ആന്‍. മനുഷ്യന്‍ മനുഷ്യനോടെങ്ങിനെ പെരുമാറണമെന്ന് വ്യക്തമായും വരച്ചു വെച്ച ദര്‍ശനമാണിത്.

ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്ക് മതത്തില്‍ സ്ഥാനമില്ലെന്ന് അറിയാത്തവനല്ല ഭീകരവാദി. കാട്ടുപോത്തുകള്‍ക്കന്തു സത്യവേദം? ഈര്‍ച്ചവാളുകള്‍ക്കെന്തു കാരുണ്യം? ദൗര്‍ഭാഗ്യത്തിനു കാനേഷുമാരിയില്‍ മുസ്ലിം കള്ളിയില്‍ പെട്ടു പോയ അറബിപ്പേരുകള്‍ സംസ്ക്ര്യത ചിത്തരാകാതെ, വേദം പഠിപ്പിച്ച മാനവികതയെ പുല്‍കാതെ, നരാധമന്മാരായിത്തീരുന്നതിനെ ദര്‍ശനത്തിനു തടുക്കാന്‍ കഴിയുമോ?അവിടെയുമിവിടെയും ബോംബ് പൊട്ടൂംപോള്‍ മതമാണു കുഴപ്പമെന്ന് തിസീസെഴുതുന്നതില്‍ കാര്യമുണ്ടോ? ഹിറ്റ്ലറിനും മ്ര്സോളിനിക്കും മതമുണ്ടായിരുന്നില്ലെങ്കില്‍ തൊപ്പിയിട്ട ഭീകരവാദിക്കു മാത്രം മതമുണ്ടാകുന്നതെങ്ങിനെ? അമേരിക്കയുടെ ഔദ്യോഗിക മതമാണോ ഹിരോഷിമയില്‍ ലക്ഷങ്ങളെ കൊന്നു തള്ളിയത്? നീളന്‍ പൊട്ടു കുത്തി ഗര്‍ഭിണികളെ പോലും കുത്തി മലര്‍ത്തിയ ഗുജറാത്തിലെ വംശീയ വിഷത്തിനു പിന്നില്‍ മതമാണെന്നിവിടെ ആരെങ്കിലും പറഞ്ഞുവോ? ഒറീസയില്‍ ക്രിസ്ത്യന്‍ സഹോദരന്മാരെ കാട്ടിലേക്കോടിച്ചതും പള്ളികള്‍ തകര്‍ത്തഴിഞ്ഞാടീയതും ഏതെങ്കിലും മതദര്‍ശനത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് ആരെങ്കിലും വാദിച്ചുവോ?തെരുവില്‍ ബോംബ് വെക്കുന്നവരെ ചൂണ്ടി ഇതാ മുസ്ലിം എന്നു തെറ്റിദ്ധരിപ്പിക്കുന്നവരെ ഒരിക്കലും സത്യത്തിലേക്ക് ഉണര്‍ത്താനാകില്ല തന്നെ. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ദര്‍ശനമോ എന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് മുന്‍ വിധികളില്ലാതെ, ഈ തുറന്നിട്ട പഠനവാതിലുകളിലേക്ക് സ്നേഹത്തോടെ സ്വാഗതം.

സുഹ്ര്യത്തേ...വരൂ.. ഈ തെരുവിലെ ചോര കാണൂ .... ചോരക്കു പിന്നില്‍ മതത്തെയല്ല മനുഷ്യവിരുദ്ധതയെ കാണൂ..നമുക്കിതിനെ ഒന്നിച്ചപലപിക്കാം.ഒപ്പം നിരപരാധിയായ ഈ ദര്‍ശനത്തിന്റെ തുടിക്കുന്ന കരളു കാണൂ..പറിച്ചെടുത്തു കാണിച്ചു തന്നാലും ഇത് ചോരയുടെ നിറമുള്ള ചെമ്പരത്തിപ്പൂവാണെന്ന് ഇനിയെങ്കിലും പറയാതിരിക്കൂ. പ്ലീസ്.